Wednesday, 17 July 2013


17.07.13, 7 pm

  ഇന്നലെ രാവില്‍ വെളുക്കുവോളം ആനകളുടെ ബഹളമായിരുന്നു. അവ രണ്ട് കൂട്ടമായി പകലൊക്കെ ഇവിടെ തന്നെ ഉണ്ടായിരുന്നു. അതില്‍ നന്നേ ചെറിയൊരു കുഞ്ഞുമുണ്ടായിരുന്നു. കടുവ അവയുടെ പിന്നാലെ കാണുമായിരിക്കും. അല്ലെങ്കില്‍ ഇത്രമാത്രം അവ അസ്വസ്ഥമാകില്ലായിരുന്നു. അതിനു മുമ്പേ കലമാന്റെ ഭീതിദായകമായ കരച്ചില്‍ കേട്ടിരുന്നതായി ഓര്‍ത്തു. ആനകളുടെ ശബ്ദത്തിന് മുന്നറിയിപ്പിന്റെയും ഭയത്തിന്റെയും പ്രതിരോധത്തിന്റെയുമൊക്കെ ധ്വനികള്‍ കലര്‍ന്നിരുന്നു. അങ്ങു നിലാവെട്ടത്തില്‍ ആനക്കൂട്ടങ്ങള്‍ ഒന്നായി നീങ്ങുന്ന നിഴല്‍രൂപങ്ങള്‍. കടുവയുടെ സാന്നിധ്യം അവര്‍ എപ്പോഴേ അറിഞ്ഞിട്ടുണ്ടാകാം. കടുവയ്ക്ക് ആനക്കുട്ടിയില്‍ ഭക്ഷണം കണ്ടെത്തുന്നത് ഒരു ത്രില്‍ ആണ്. ആനക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും അതിന്റെ കുട്ടിയെ ലക്ഷ്യമിടുന്നതില്‍ സാഹസികമായ ഒരാനന്ദം അത് ആസ്വദിക്കുന്നുണ്ടാകാം..അത്തരത്തില്‍ തന്നെയാണല്ലോ മുള്ളന്‍ പന്നികളേയും ഇരയിടുന്നതില്‍ അവ കണ്ടെത്തുന്നത്. 


പുലര്‍ച്ചെ ആനക്കൂട്ടങ്ങള്‍ വീണ്ടും വലുതായി. ഇപ്പോഴവ പന്ത്രണ്ടോളം എണ്ണമുണ്ട്. മലയണ്ണാന്റെ അപകടമുന്നറിയിപ്പുകളില്‍ ആനക്കൂട്ടം നിശ്ചലരായി...ചെറു അണ്ണാനുകള്‍ പ്രണയലഹരികളോടെ ഇവയൊന്നും ശ്രദ്ധിക്കാതെ പുല്‍ത്തകിടികളിലൂടെയും വൃക്ഷശിഖരങ്ങളിലൂടെയും ഓടി നടക്കുന്നുണ്ടായിരുന്നു. പക്ഷിക്കൂടുകള്‍ തേടി ഒരു കീരി മുന്നിലൂടെ പാഞ്ഞു. 


മുളംകാടുകള്‍ക്കിടയിലൂടെ നടന്നുനീങ്ങുമ്പോള്‍ ഒരുമാത്ര മിഴിപൂട്ടിയിരിക്കാന്‍ ഒരു ചെറുവൃക്ഷം ക്ഷണിച്ചു..മഴച്ചാറ്റല്‍. മഴയും കാറ്റും ഒന്നിച്ചായിരുന്നു വരവ്. മുളന്തലപ്പുകള്‍ ഒരു നര്‍ത്തകിയുടെ ആലസ്യത്തിലെന്നപോലെ കാറ്റിനോടും മഴച്ചാറ്റലുകളോടും കൂടി കുഴഞ്ഞാടി...

വൈകുന്നേരം, കടുവയുടെ ശബ്ദം മൂന്നുപ്രാവശ്യം വ്യക്തമായി കേട്ടു. പുള്ളിമാനുകളും ആനകളും ഏറെ അസ്വസ്ഥമായിരുന്നു. ഇരുള്‍ മെല്ലെ തണുപ്പിനൊപ്പം വന്നു കൊണ്ടിരുന്നു..
നിശബ്ദമായ വനാന്തരീക്ഷം...
അടുത്ത നിമിഷം....
കാട് മാറിക്കൊണ്ടേയിരുന്നു.

    

Tuesday, 16 July 2013


കാടിന്റെ വിസ്മയവഴികള്‍


അലഞ്ഞു തിരിയലുകളേക്കുറിച്ച് പിന്നീടെപ്പോഴൊക്കെയോ ചിന്തിച്ചപ്പോള്‍ കാടിന്റെ മൗനമൂകത അതിനുണ്ടായിരുന്നു. വീണുപഴകിയ ഇലമണങ്ങള്‍ക്കിടയിലൂടെയും സുഗന്ധവാഹികളായ കാട്ടുപിച്ചികള്‍ക്കിടയിലൂടെയും നിലാവട്ടം ചോര്‍ന്നൊലിക്കുന്ന ഇലക്കുടകള്‍ക്കു കീഴെക്കൂടിയും കാടിന്റെ വിസ്മയവഴികള്‍ നീണ്ടുപോയി......


താഴ്‌വാരത്തിലേക്ക് തള്ളിനില്‍ക്കുന്ന ചെറിയൊരു ഗുഹയിലായിരുന്നു കുമാരനോടൊപ്പം ഒരു വാരം തങ്ങിയത്. മുതുവാന്‍മാരുടെ രാവുകള്‍ക്കന്ന് തേന്‍സുഗന്ധമുണ്ടായിരുന്നു. തേന്‍ പാതകള്‍ തിരഞ്ഞു വന്നതായിരുന്നു ഞങ്ങള്‍. അല്ലെങ്കിലും കുമാരനോടൊത്തുള്ള എല്ലാ അലച്ചിലുകളിലും ഏതൊക്കെയോ സുഗന്ധങ്ങള്‍ കലര്‍ന്നതായിരുന്നല്ലോ! കാടിന്റെ സുകൃതങ്ങളില്‍ എന്നും തെളിഞ്ഞു നില്‍ക്കുന്ന ആദിവാസി മുഖം. അതായിരുന്നു എല്ലായ്‌പ്പോഴും എനിക്ക് കുമാരന്‍. 


മഴ കഴിഞ്ഞുള്ള രാവ്...

ആ ഗുഹയുടെ അരികില്‍ ഇരുന്ന് താഴെ ഇരുളിലേക്ക് നോക്കി വിസ്മയം പൂണ്ട നിമിഷങ്ങള്‍. ആകാശത്തിലെ നക്ഷത്രങ്ങളൊക്കെ തന്നെ താഴെ വീണു പ്രകാശിക്കുന്നു. അത്ഭുതം! അലൗകികമായ ഒരു പ്രഭാവലയം പോലെ. അഗാധവും ദീപ്തവുമായ കാഴ്ച. സ്വപ്‌നത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും നടുവിലൂടെയുള്ള പട്ടുനൂല്‍ പാലത്തിലായിരുന്നു ഞാനപ്പോള്‍. അസംഖ്യം മിന്നാമിനുങ്ങുകള്‍ അങ്ങു താഴെ. എല്ലാ വൃക്ഷലതാദികളിലുമിരുന്ന് അവ ആകാശത്തുള്ള നക്ഷത്രങ്ങളൊടൊക്കെ മത്സരിക്കുകയാകാം. അന്നു രാവും അടുത്ത മൂന്ന് രാവുകളിലും നക്ഷത്രങ്ങളോടൊപ്പമായിരുന്നു ഞാനും കുമാരനും കിടന്നുറങ്ങിയിരുന്നത്.