17.07.13, 7 pm
ഇന്നലെ രാവില്‍ വെളുക്കുവോളം ആനകളുടെ ബഹളമായിരുന്നു. അവ രണ്ട് കൂട്ടമായി പകലൊക്കെ ഇവിടെ തന്നെ ഉണ്ടായിരുന്നു. അതില്‍ നന്നേ ചെറിയൊരു കുഞ്ഞുമുണ്ടായിരുന്നു. കടുവ അവയുടെ പിന്നാലെ കാണുമായിരിക്കും. അല്ലെങ്കില്‍ ഇത്രമാത്രം അവ അസ്വസ്ഥമാകില്ലായിരുന്നു. അതിനു മുമ്പേ കലമാന്റെ ഭീതിദായകമായ കരച്ചില്‍ കേട്ടിരുന്നതായി ഓര്‍ത്തു. ആനകളുടെ ശബ്ദത്തിന് മുന്നറിയിപ്പിന്റെയും ഭയത്തിന്റെയും പ്രതിരോധത്തിന്റെയുമൊക്കെ ധ്വനികള്‍ കലര്‍ന്നിരുന്നു. അങ്ങു നിലാവെട്ടത്തില്‍ ആനക്കൂട്ടങ്ങള്‍ ഒന്നായി നീങ്ങുന്ന നിഴല്‍രൂപങ്ങള്‍. കടുവയുടെ സാന്നിധ്യം അവര്‍ എപ്പോഴേ അറിഞ്ഞിട്ടുണ്ടാകാം. കടുവയ്ക്ക് ആനക്കുട്ടിയില്‍ ഭക്ഷണം കണ്ടെത്തുന്നത് ഒരു ത്രില്‍ ആണ്. ആനക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും അതിന്റെ കുട്ടിയെ ലക്ഷ്യമിടുന്നതില്‍ സാഹസികമായ ഒരാനന്ദം അത് ആസ്വദിക്കുന്നുണ്ടാകാം..അത്തരത്തില്‍ തന്നെയാണല്ലോ മുള്ളന്‍ പന്നികളേയും ഇരയിടുന്നതില്‍ അവ കണ്ടെത്തുന്നത്.
പുലര്‍ച്ചെ ആനക്കൂട്ടങ്ങള്‍ വീണ്ടും വലുതായി. ഇപ്പോഴവ പന്ത്രണ്ടോളം എണ്ണമുണ്ട്. മലയണ്ണാന്റെ അപകടമുന്നറിയിപ്പുകളില്‍ ആനക്കൂട്ടം നിശ്ചലരായി...ചെറു അണ്ണാനുകള്‍ പ്രണയലഹരികളോടെ ഇവയൊന്നും ശ്രദ്ധിക്കാതെ പുല്‍ത്തകിടികളിലൂടെയും വൃക്ഷശിഖരങ്ങളിലൂടെയും ഓടി നടക്കുന്നുണ്ടായിരുന്നു. പക്ഷിക്കൂടുകള്‍ തേടി ഒരു കീരി മുന്നിലൂടെ പാഞ്ഞു.
മുളംകാടുകള്‍ക്കിടയിലൂടെ നടന്നുനീങ്ങുമ്പോള്‍ ഒരുമാത്ര മിഴിപൂട്ടിയിരിക്കാന്‍ ഒരു ചെറുവൃക്ഷം ക്ഷണിച്ചു..മഴച്ചാറ്റല്‍. മഴയും കാറ്റും ഒന്നിച്ചായിരുന്നു വരവ്. മുളന്തലപ്പുകള്‍ ഒരു നര്‍ത്തകിയുടെ ആലസ്യത്തിലെന്നപോലെ കാറ്റിനോടും മഴച്ചാറ്റലുകളോടും കൂടി കുഴഞ്ഞാടി...
വൈകുന്നേരം, കടുവയുടെ ശബ്ദം മൂന്നുപ്രാവശ്യം വ്യക്തമായി കേട്ടു. പുള്ളിമാനുകളും ആനകളും ഏറെ അസ്വസ്ഥമായിരുന്നു. ഇരുള്‍ മെല്ലെ തണുപ്പിനൊപ്പം വന്നു കൊണ്ടിരുന്നു..
നിശബ്ദമായ വനാന്തരീക്ഷം...
അടുത്ത നിമിഷം....
കാട് മാറിക്കൊണ്ടേയിരുന്നു.
ഏതു കാടാണെന്ന് ( സ്ഥലം) കൂടി പറയാമായിരുന്നു .
ReplyDeleteആമി അലവി പറഞ്ഞപോലെ ഏത് കാടാണെന്നും, സന്ദര്‍ഭവും കൂടി പറയാമായിരുന്നു. ഇനിയും എഴുതുക. താങ്കളുടെ ഫോട്ടോഗ്രാഫി പോലെ ഭാഷയും കാടിന്റെ വന്യ നിഗൂഢത ഒപ്പിയെടുക്കുന്നു
ReplyDelete