Tuesday 16 July 2013


കാടിന്റെ വിസ്മയവഴികള്‍


അലഞ്ഞു തിരിയലുകളേക്കുറിച്ച് പിന്നീടെപ്പോഴൊക്കെയോ ചിന്തിച്ചപ്പോള്‍ കാടിന്റെ മൗനമൂകത അതിനുണ്ടായിരുന്നു. വീണുപഴകിയ ഇലമണങ്ങള്‍ക്കിടയിലൂടെയും സുഗന്ധവാഹികളായ കാട്ടുപിച്ചികള്‍ക്കിടയിലൂടെയും നിലാവട്ടം ചോര്‍ന്നൊലിക്കുന്ന ഇലക്കുടകള്‍ക്കു കീഴെക്കൂടിയും കാടിന്റെ വിസ്മയവഴികള്‍ നീണ്ടുപോയി......


താഴ്‌വാരത്തിലേക്ക് തള്ളിനില്‍ക്കുന്ന ചെറിയൊരു ഗുഹയിലായിരുന്നു കുമാരനോടൊപ്പം ഒരു വാരം തങ്ങിയത്. മുതുവാന്‍മാരുടെ രാവുകള്‍ക്കന്ന് തേന്‍സുഗന്ധമുണ്ടായിരുന്നു. തേന്‍ പാതകള്‍ തിരഞ്ഞു വന്നതായിരുന്നു ഞങ്ങള്‍. അല്ലെങ്കിലും കുമാരനോടൊത്തുള്ള എല്ലാ അലച്ചിലുകളിലും ഏതൊക്കെയോ സുഗന്ധങ്ങള്‍ കലര്‍ന്നതായിരുന്നല്ലോ! കാടിന്റെ സുകൃതങ്ങളില്‍ എന്നും തെളിഞ്ഞു നില്‍ക്കുന്ന ആദിവാസി മുഖം. അതായിരുന്നു എല്ലായ്‌പ്പോഴും എനിക്ക് കുമാരന്‍. 


മഴ കഴിഞ്ഞുള്ള രാവ്...

ആ ഗുഹയുടെ അരികില്‍ ഇരുന്ന് താഴെ ഇരുളിലേക്ക് നോക്കി വിസ്മയം പൂണ്ട നിമിഷങ്ങള്‍. ആകാശത്തിലെ നക്ഷത്രങ്ങളൊക്കെ തന്നെ താഴെ വീണു പ്രകാശിക്കുന്നു. അത്ഭുതം! അലൗകികമായ ഒരു പ്രഭാവലയം പോലെ. അഗാധവും ദീപ്തവുമായ കാഴ്ച. സ്വപ്‌നത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും നടുവിലൂടെയുള്ള പട്ടുനൂല്‍ പാലത്തിലായിരുന്നു ഞാനപ്പോള്‍. അസംഖ്യം മിന്നാമിനുങ്ങുകള്‍ അങ്ങു താഴെ. എല്ലാ വൃക്ഷലതാദികളിലുമിരുന്ന് അവ ആകാശത്തുള്ള നക്ഷത്രങ്ങളൊടൊക്കെ മത്സരിക്കുകയാകാം. അന്നു രാവും അടുത്ത മൂന്ന് രാവുകളിലും നക്ഷത്രങ്ങളോടൊപ്പമായിരുന്നു ഞാനും കുമാരനും കിടന്നുറങ്ങിയിരുന്നത്. 


7 comments:

  1. മാതൃഭൂമിയിലെ യാത്രകുറിപ്പുകള്‍ സ്ഥിരമായി വായിക്കാറുണ്ടായിരുന്നു . അന്ന് പറയാന്‍ കഴിയാതിരുന്ന അഭിനന്ദങ്ങള്‍ ഇപ്പോള്‍ പറയട്ടെ . ഇനിയിപ്പോള്‍ യാത്രവിശേഷങ്ങള്‍ വായിക്കാനോരിടം കൂടിയായി . ഹൃദയം നിറഞ്ഞ നന്ദി സര്‍ ... ഹൃദ്യമായ കുറിപ്പിനൊപ്പം കുറച്ചു കൂടി ചിത്രങ്ങള്‍ കൂടി ചേര്‍ത്താല്‍ വായനക്കാര്‍ക്ക് ഉപകാരപ്രദമാവും .

    ReplyDelete
  2. ബ്ലോഗിങ് ലോകത്തേക്ക് സ്വാഗതം. സ്ഥിരമായി നോക്കാൻ ഒരു ബ്ളോഗ് കൂടി ആയി, അടുത്ത പോസ്റ്റ്‌ ഇടുന്നതും കാത്ത്.....

    ReplyDelete
  3. താങ്കളുടെ യാത്രകള്‍ യാത്രാകുതുകികളുടെ അടുത്ത് എത്തിക്കുന്നതിനു ഇങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങിയത് വളരെ നന്നായി..കാട്ടിലെ ജീവിതും അനുഭവങ്ങളും അതേ തീവ്രതയില്‍ ഞങ്ങള്‍ക്ക്‌ ലഭിക്കാന്‍ അവസരം ഉണ്ടാക്കണം...കൂടുതല്‍ ഫോട്ടോകളും പരിചയപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു

    ReplyDelete
  4. Great effort naseer mash.... blog is the best way to share your thoughts to your readers.. bcoz only serious people prefer to read blogs and so there is no unnecessary likes and comments...

    ReplyDelete
  5. ഇനിയിപ്പോള്‍ യാത്രവിശേഷങ്ങള്‍ വായിക്കാനോരിടം കൂടിയായി . ഹൃദയം നിറഞ്ഞ നന്ദി

    ReplyDelete
  6. അങ്ങയുടെ യാത്രാനുഭവങ്ങള്‍ സ്ഥിരമായി വായിക്കാറുണ്ട്..... ബ്ലോഗിലൂടെ പങ്കുവെക്കുന്ന യാത്രകള്‍ക്കും ചിത്രങ്ങള്‍ക്കും കാത്തിരിക്കുന്നു.......

    ReplyDelete